സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കോവിഡ്
തിരുവനന്തപുരം: ഇന്ന് 16 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്നത്തെ പരിശോധനാ ഫലത്തില്‍ നെഗറ്റീവ് ഇല്ല. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് 2 വീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.
ഇന്ന് പോസിറ്റീവായവരില്‍ ഏഴുപേര്‍ വിദേശങ്ങളില്‍ നിന്ന് വന്നവരാണ്. തമിഴ്നാട്ടില്‍ നിന്നെത്തിയ നാലുപേര്‍ക്കും മുംബൈയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും ഇന്ന് പരിശോധനാ ഫലം പോസിറ്റീവായി. മൂന്നുപേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതുവരെ 576 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 80 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 48,825 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 48,287 പേര്‍ വീടുകളിലും 538 പേര്‍ ആശുപത്രികളിലുമാണ്.
ഇന്നു മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ ആളുകളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മലപ്പുറം ജില്ലയിലാണ്- 36 പേരെ. കോഴിക്കോട്ട് 17ഉം കാസര്‍കോട്ട് 16ഉം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറസ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ ആശുപത്രിയില്‍ കഴിയുന്നത് വയനാട് ജില്ലയിലാണ്- 19 പേര്‍.
ഇതുവരെ 42,201 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 40,639 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്. സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 4630 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4424 നെഗറ്റീവായിട്ടുണ്ട്. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 16 ആണ്.
ഇന്നു വരെയുള്ള 576 കേസുകളില്‍ വിദേശത്തുനിന്നു വന്ന 311 പേര്‍ക്കാണ് കോവിഡ് ബാധയുണ്ടായത്. ഇതിനുപുറമെ എട്ടുപേര്‍ വിദേശികളാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത് 187 പേരാണ്.
Comments
Post a Comment